കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ ഉണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു.


സംഭവസമയത്ത് വീട്ടിലുണ്ടായവർക്ക് പരിക്കേറ്റതായും, ഒരാളുടെ മരണംസ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.സ്ഫോടനത്തിന് പിന്നാലെ ശരീരാവശിഷ്ട്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്ന് സ്ഥലത്തെ ദൃക്സാക്ഷികൾ പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിൽ എന്നതാണ് നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ടുപേർ പയ്യന്നൂരിൽ സ്പെയർ പാർട്‌സ് നടത്തുന്നവരാണെന്നാണ് ലഭിക്കുന്ന വിവരം.
അപകടവിവരം അറിഞ്ഞതിനെ തുടർന്ന് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്
Massive explosion in rented house in Kannapuram; One dead, house destroyed